Thursday 14 March 2013

'പാപ്പിലിയോ ബുദ്ധ' ഒടുവില്‍ തിയേറ്ററുകളിലേക്ക്‌

എട്ടുമാസം നീണ്ട സെന്‍സര്‍ ബോര്‍ഡുമായുള്ള യുദ്ധങ്ങള്‍ക്കൊടുവില്‍ കവിയും ഗവേഷകനുമായ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ (ബുദ്ധ ശലഭം) മാര്‍ച്ച് 15 ന് തിയേറ്ററുകളിലേക്കെത്തുന്നു. സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമായ സിനിമകളെ പെരുമഴപോലെ യാതൊരുവിധ 'കട്ടു'കളും പറയാതെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കുന്ന സെന്‍സര്‍ ബോര്‍ഡ് ദളിത്പക്ഷത്തും സ്ത്രീപക്ഷത്തും നിന്നുവെന്നതിന്റെ പേരില്‍ '26 കട്ടു'കളോടെയാണ് ബുദ്ധശലഭത്തിന് ഒടുവില്‍ പ്രദര്‍ശനാനുമതി നല്‍കിയത്. ഗാന്ധിയെ അപമാനിക്കുന്നു എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന ആക്ഷേപം.

സിനിമയിലെ നടനും നിര്‍മാതാക്കളിലൊരാളും 'പാപ്പിലിയോ ബുദ്ധ'യെ തിയേറ്ററുകളിലെത്തിക്കാന്‍ എട്ടുമാസം കുരിശുയുദ്ധം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രകാശ് ബാരെയുടെ ഭാഷയില്‍ 26 മുറിവുകളോടെയാണ് ചിത്രം പുറത്തെത്തുന്നത്. ഒപ്പം 'എ' സര്‍ട്ടിഫിക്കറ്റും. മലയാള സിനിമയുടെ ചരിത്രത്തില്‍ ദളിതുകളും ആദിവാസികളും എക്കാലവും തമസ്‌കരിക്കപ്പെട്ടതിന്റെ രാഷ്ട്രീയം ഒരുപക്ഷേ ആദ്യമായി തുറന്നുകാട്ടാന്‍ പണിപ്പെട്ട ഒരു സിനിമയ്ക്കാണ് ഈ ദുര്‍വിധി അനുഭവിക്കേണ്ടി വന്നതെന്ന വസ്തുത നമ്മുടെ സെന്‍സര്‍ സംവിധാനങ്ങളെ എത്രമാത്രം പ്രാകൃതമായാണ് ചിന്തിച്ചുപോരുന്നതെന്ന് തെളിയിക്കുന്നുണ്ട്.

കൂടാതെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് ഈ സിനിമയ്‌ക്കെതിരെ കക്ഷിചേരുകകൂടി ചെയ്തതോടെ ചലച്ചിത്രോത്സവങ്ങളിലെങ്കിലും സത്യം പറയുന്ന സിനിമകള്‍ കാണാനാകും എന്ന ധാരണയ്ക്കും തിരിച്ചടി നല്‍കുകയാണ് ചെയ്തത്.
അതേസമയം, ഐ.വി. ശശി ചെയര്‍മാനായ സംസ്ഥാന ഫിലിം അവാര്‍ഡ് ജൂറി പാപ്പിലിയോ ബുദ്ധയ്ക്ക് രണ്ട് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി. ഒന്ന് ചിത്രത്തിലെ ദളിത് യുവതിയെ അവതരിപ്പിച്ച സരിതയുടെ അഭിനയ മികവിനും സിനിമയുടെ സംവിധായക മികവിന് ജയന്‍ ചെറിയാനുമായിരുന്നു പ്രത്യേക പരാമര്‍ശങ്ങള്‍. ഐ.എഫ്.എഫ്.കെ. ജൂറി എടുത്ത നിഷേധാത്മക നിലപാടിന് ഒരു തിരുത്തുകൊടുക്കുകയാണ് സ്റ്റേറ്റ് അവാര്‍ഡ് ജൂറി ചെയ്തത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ക്രിട്ടിക്‌സ് അവാര്‍ഡില്‍ പാപ്പിലിയോ ബുദ്ധയ്ക്ക് സര്‍ഗാത്മക മികവിനുള്ള പ്രത്യേക പുരസ്‌കാരവും സംവിധായകന്‍ ജയന്‍ ചെറിയാന് മികച്ച നവാഗത സംവിധായകന്റെ പുരസ്‌കാരവുമുണ്ട്. ഈ വര്‍ഷത്തെ ലണ്ടന്‍ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് സിനിമയുടെ മറ്റു സുപ്രധാന നേട്ടങ്ങളിലൊന്ന്. മാര്‍ച്ച് 19, 20 ദിവസങ്ങളിലാണ് ലണ്ടന്‍ ഫെസ്റ്റിവലിലെ സിനിമയുടെ പ്രദര്‍ശനങ്ങള്‍.

മുത്തങ്ങ, ചെങ്ങറ സമരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ ഭൂരഹിതര്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഭൂമി പിടിച്ചെടുക്കുന്നതും അടിച്ചമര്‍ത്തപ്പെടുന്നതുമായ പശ്ചാത്തലത്തിലാണ് പാപ്പിലിയോ ബുദ്ധ സമകാലിക കേരളത്തിന്റെ രാഷ്ട്രീയം കേന്ദ്രീകരിച്ച് നില്‍ക്കുന്ന ദളിതരുടെയും ആദിവാസികളുടെയും ഭൂരാഷ്ട്രീയത്തിലേക്ക് കാഴ്ചകള്‍ തിരിച്ചുവെക്കുന്നത്. ഈ സമരത്തില്‍ ദളിതരുടെ ശക്തിയായി മാറുന്നത് അംബേദ്കറും ബുദ്ധനുമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും വിവിധ ചേരികളില്‍ നിലയുറപ്പിച്ചിരുന്ന ഗാന്ധി അംബേദ്കര്‍ സംവാദത്തെ ദളിത് രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ പുനരാവിഷ്‌കരിക്കുകയാണ് സിനിമ. ഭൂരഹിതരായ ദളിതുകള്‍ അനുഭവിക്കുന്ന ജാതിവിവേചനവും ദളിത് സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗിക പീഡനങ്ങളും എത്രമാത്രം മനുഷ്യത്യവിരുദ്ധമായാണ് സ്വാഭാവികമെന്ന മട്ടില്‍ തുടര്‍ന്നുപോരുന്നതെന്നതിന്റെ തുറന്നുകാട്ടല്‍ തന്നെയാണ് സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. സിനിമയില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട '26 സത്യങ്ങള്‍' ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

കോണ്‍ഗ്രസ് എന്നപോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും എങ്ങനെ ദളിതുകള്‍ക്ക് ദുരവസ്ഥമാത്രം പണിതു എന്ന് സിനിമ വെളിപ്പെടുത്തുന്നുണ്ട്. ഭൂപരിഷ്‌കരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട അവര്‍ ഇന്ന് ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. മുന്‍ കമ്മ്യൂണിസ്റ്റുകൂടിയായ കല്ലേന്‍ പൊക്കുടന്‍ സ്വന്തം കുടിലിന്റെ ചുമരില്‍ നിന്നും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചിത്രം മാറ്റി പകരം ബുദ്ധന്റെ ചിത്രം സ്ഥാപിക്കുന്നിടത്താണ് സിനിമ സ്വന്തം രാഷ്ട്രീയം അടയാളപ്പെടുത്തുന്നത്. ഇ.എം.എസ് ആരാണെന്ന ചോദ്യത്തിന് സമരനായകനായ കരിയന്റെ മകന്‍ ശങ്കരന്‍ ഒരുകാലത്തെ അച്ഛന്റെ ദൈവം എന്നാണ് വ്യാഖ്യാനിക്കുന്നതെങ്കിലും കരിയന്‍ പറയുന്നത് ഒരുകാലത്ത് ദൈവമായിരുന്നുവെങ്കിലും മണ്ണിന്റെ പ്രശ്‌നം വന്നപ്പോള്‍ അയാള്‍ നമ്പൂതിരിയും നമ്മള്‍ പണ്ടത്തെ പുലയനുമായി എന്നാണ്. ഭൂരിഷ്‌കരണം ഇവിടെ പരാജയപ്പെടാനിടയായതിന്റെ ജാതി രാഷ്ട്രീയത്തിലേക്കാണ് പാപ്പിലിയോ ബുദ്ധ സംവാദമഴിച്ചുവിടുന്നത്.


ദളിതുകളുടെ ഭൂസമരം തീര്‍ക്കാന്‍ നവഗാന്ധിയന്മാര്‍ ഖദറണിഞ്ഞെത്തുമ്പോള്‍ 'ഞങ്ങള്‍ ആരുടെയും ഹരിജനങ്ങളല്ല' എന്ന മുദ്രാവാക്യവുമായാണ് ഭൂരഹിതര്‍ അവരെ നേരിടുന്നത്. അതുപോലെ കണ്ണൂരിലെ വനിതാ ഒട്ടോ ഡ്രൈവര്‍ ചിത്രലേഖ നേരിട്ട പീഡനങ്ങളെ അനുസ്മരിപ്പിക്കുന്ന സിനിമയിലെ ദളിത് നായിക കൂട്ടബലാത്സംഗത്തിനിരയാകുന്നത് ആവിഷ്‌കരിക്കുന്നതിലൂടെ ആണധികാരത്തിന്റെ ഭീകരതയാണ് തുറന്നു കാട്ടപ്പെടുന്നത്. ദില്ലി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ബലാത്സംഗത്തിന്റെ രാഷ്ട്രീയചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ തീര്‍ത്തും പ്രസക്തമായൊരു ദൃശ്യപാഠമാണ് പാപ്പിലിയോ ബുദ്ധമുന്നോട്ടുവെക്കുന്നത്.

കല്ലേന്‍ പൊക്കുടന്‍, സരിത, സി.പി. ശ്രീകുമാര്‍, പ്രകാശ് ബാരെ, തമ്പി ആന്റണി എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. പതിവ് സിനിമാഭിനയ ശൈലി സിനിമയോ അഭിനേതാക്കളോ പിന്‍തുടരുന്നില്ല. ദളിത് നായികയായ സരിത ഓര്‍മിക്കപ്പെടുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. എം.ജെ. രാധാകൃഷ്ണന്റെ ക്യാമറ ചിത്രത്തിന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ദൃശ്യാവിഷ്‌കാര മികവ് നല്‍കുന്നു.

ഹ്രസ്വചിത്രങ്ങള്‍ക്ക് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കവിയും പ്രവാസി എഴുത്തുകാരനുമായ ജയന്‍ ചെറിയാന്റെ ആദ്യ സിനിമയാണ് ഇത്. ജയന്റെ 'ഷെയ്പ്പ് ഓഫ് ദ ഷെയ്പ്പ്‌ലസ്' സാന്‍ഫ്രാന്‍സികോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ സില്‍വര്‍ മെഡല്‍, ഏതന്‍സ് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള ഈസ്റ്റ്മാന്‍ കൊഡാക് അവാര്‍ഡ്, മികച്ച ഡോക്യുമെന്ററിക്കുള്ള സിറ്റിവിഷന്‍സ് 2010 അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. കായല്‍ ഫിലിംസിന്റെയും സിലിക്കണ്‍ മീഡിയയുടെയും ബാനറില്‍ നടന്മാരായ പ്രകാശ് ബാരെയും തമ്പി ആന്റണിയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ഗാന്ധി അംബേദ്കര്‍ സംവാദമാണെന്നും ഇതില്‍ തന്റെ സിനിമ അംബേദ്കര്‍ ധാരയുടെ പക്ഷത്താണെന്നും കോഴിക്കോട് 'പാപ്പിലിയോ ബുദ്ധ'യുടെ പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള സംവാദത്തില്‍ സംവിധായകന്‍ ജയന്‍ ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധിയുടെത് മാത്രമാണ് ദേശീയ ധാരയെന്ന ധാരണതെറ്റാണ്. നമ്മുടെ ഭരണഘടനയുടെ ശില്പികൂടിയ അംബേദ്കര്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിത്. കാഴ്ചപ്പാടുകളിലെ ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാത്തത് കൊണ്ട് മാത്രമാണ് സെന്‍സര്‍ ബോര്‍ഡിന് പാപ്പിലിയോ ബുദ്ധ നിരോധിക്കപ്പെടേണ്ട സിനിമയായി തോന്നിപ്പോയത്.

സിനിമ തുറന്നുകാട്ടുന്ന സ്ത്രീ വിരുദ്ധവും ജനവിരുദ്ധവുമായ കാഴ്ചകളൊന്നും തന്നെ കാണാന്‍ കൂട്ടാക്കാത്തവര്‍ സത്യം പറയുന്നത് കാണിക്കുമ്പോള്‍ ഞെട്ടുന്നത് സ്വാഭാവികമാണെന്നും ജയന്‍ ചെറിയാന്‍ പറയുന്നു. 26 മുറിവുകളുമായി പാപ്പിലിയോ ബുദ്ധ തിയറ്ററുകളിലെത്തുമ്പോള്‍ വിജയിക്കുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കാണിക്കുവാനുള്ള അവകാശമാണ്. അംബേദ്കര്‍ എങ്ങനെ ഇന്നും അധഃസ്ഥിതരില്‍ അതിജീവിക്കുന്നു എന്നതിന്റെ പ്രസക്തി തിരിച്ചറിയാനുള്ള ഒരു ചലച്ചിത്രസന്ദര്‍ഭവും പാപ്പിലിയോ ബുദ്ധ ഒരുക്കുന്നു.

കച്ചവട സിനിമയുടെ ആഴം കുറഞ്ഞ കാഴ്ചാശീലങ്ങളെ തിരുത്തുന്ന ഈ സിനിമയ്ക്ക് ലോക സിനിമയിലേക്കുള്ള മലയാളത്തിന്റെ ഒരവകാശിയായിരിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുണ്ട്-ഉള്ളടക്കത്തിന്റെ കരുത്തുകൊണ്ട് തന്നെ.


courtesy: Mathrubhumi, PremChandh